എന്റെ പഴയ സ്ക്കൂളേ..............................
സിനു കക്കട്ടില്‍
എട്ട് സി.യിലെ സുരേശാ,
ട്രിപ്പ് ജീപ്പിന്റെ പിന്നില്‍ തൂങ്ങി നിന്നിങ്ങനെ
ഒറ്റക്കൈവിട്ടെന്നോട് സലാം ചൊല്ലല്ലേ
അങ്ങാടീന്നെന്ന കണ്ടിട്ട്
മിണ്ടാതെ പോയതെന്തു നീ
ഒമ്പത് ഡി.യിലെ ബുഷറേ,
പര്‍ദ്ദയില്‍ നീ മുഖം മൂടിയാല്‍
എങ്ങനെയറിയുമായിരുന്നു നിന്നെ ഞാന്‍ ?
കൈവേലി കള്ളുഷാപ്പിലിരുന്ന്
പഴയ പദ്യം
പാടുന്നു മോഹനന്‍
തിങ്കളും താരങ്ങളും
തൂവെള്ളിക്കതിര്‍ ചിന്നും.....
പണിയെന്ത് മോഹനാ
പാറപ്പണി തന്നെയച്ഛനെപ്പോല്‍,
ചുവന്ന പെയിന്റടിച്ച ബസ്സ് സ്റ്റോപ്പിലിരുന്ന്
ല സാ ഗു, ഉ സാ ഘ എന്ന്
പിറുപിറുക്കുന്നു
കണക്കിലൊന്നാമനായ
പിരാന്തായിപ്പോയ അന്ത്രു
റോഡരികില്‍
സ്ക്കൂള്‍ ബസ്സും കാത്ത്
ടൈ കെട്ടിയ മക്കളെ ബസ്സുകേറ്റാന്‍
നില്ക്കുന്നു പത്ത് ഡി.യിലെ രാധിക
ഒപ്പരം പഠിച്ചവരെ, കണ്ടു നിന്നിലെന്നെ,
എന്റെ പഴയ സ്ക്കൂളേ,
മാറ്റിയെഴുതാമായിരുന്നു
എന്നു തോന്നിയ കവിതപോലെ നീ
പല്ലിളിച്ചുകാട്ടി കളിയാക്കുന്നുണ്ടിപ്പോള്‍ !
ഉറങ്ങും മുമ്പായ്,
തുറന്ന ഇന്‍ ബോക്സില്‍
അമേരിക്കയില്‍നിന്നുമാദിത്യന്‍
How is our friends ?
How is our school ?
How is your vacation ?
നിദ്രയില്‍,
കറുത്തു കഠിനമാം പാറയില്‍,
മോഹനന്‍ നട്ടുച്ചയുടെ കവിതയെഴുതവേ,
അന്ത്രുവന്നെന്റെ
കഴുത്തു ഞെരിച്ചു, ഞാന്‍...
ഞെട്ടിയുണരും മുമ്പേ,
മറുപടി കുറിക്കുന്നു...
All are fine,
All are perfect.....